KERALA NEWS TODAY- പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീടിൻ്റെ ചുമരിടിഞ്ഞ് യുവാക്കള്‍ മരിച്ചു. വെള്ളപ്പന സ്വദേശി സി വിനു(36), വേര്‍കോലി സ്വദേശി എന്‍ വിനില്‍(32) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിലെ കോണ്‍ക്രീറ്റ് സ്ലാബ് ഇരുവരുടെയും ദേഹത്തുവീഴുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. വീട് പൊളിക്കുന്നതിനിടെ ഒരു ഭാഗത്തെ ചുമരിടിഞ്ഞ് വീണ് രണ്ടുപേർ മരിക്കുകയായിരുന്നു.
വീട് പൊളിക്കുന്നതിനിടെ പൂർണ്ണമായും സ്ലേബ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ഇന്നാണ് ഇവരിവിടെ പണിക്കെത്തിയത്. മൂന്നുപേർ പുറത്തും രണ്ടുപേർ വീടിന് ഉള്ളിലുമായിരുന്നു. വീടിന് ഉള്ളിലുള്ള രണ്ടുപേരാണ് അപകടത്തിൽ പെട്ടത്. ശബ്ദം കേട്ട് മറ്റു തൊഴിലാളികൾ ഓടിവന്നെങ്കിലും പുറത്തെടുക്കുന്നതിന് മുമ്പ് തന്നെ ഇരുവരും മരിച്ചിരുന്നു.
മരണം സ്ഥിരീകരിച്ചതിന് ശേഷം ഇവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.