KERALA NEWS TODAY- പാലക്കാട്: വധൂവരന്മാരുടെ തലകള്‍ കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കൊല്ലങ്കോട് പോലീസിന് കമ്മീഷന് നിര്‍ദേശം നല്കി. പല്ലശന സ്വദേശിയായ സച്ചിന്‍റെ വിവാഹ ശേഷം വധുവിന്‍റെ ഗൃഹ പ്രവേശന സമയത്താണ് സംഭവം നടന്നത്.
സച്ചിൻ്റെയും നവവധു സജ്‌ലയുടെയും തല തമ്മിൽ കൂട്ടിമുട്ടിച്ചത് പിന്നിൽ നിന്ന അയൽവാസിയായിരുന്നു. അപ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തലകൾ തമ്മിൽ കൂട്ടിമുട്ടിച്ചപ്പോൾ വധുവും വരനും പകച്ചു പോയി.
വേദന കൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ടാണ് വരൻ്റെ വീട്ടിലേക്ക് ആദ്യമായി കയറിപ്പോയത്.
സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ രൂക്ഷമായ വിമർശനം സംസ്ഥാനത്തിൻ്റെ പല കോണുകളിൽ നിന്നുമുണ്ടായി.
തൻ്റെ നാട്ടിൽ ഇത്തരമൊരു നാട്ടാചാരം താൻ മുൻപ് കേട്ടിട്ടില്ലെന്നാണ് സച്ചിൻ പ്രതികരിച്ചത്.
അപ്രതീക്ഷിതമായ ആക്രമണത്തിൽ വേദനകൊണ്ട് പകച്ചുപോയെന്നും അല്ലെങ്കിൽ താൻ തന്നെ കൃത്യം ചെയ്തയാൾക്ക് മറുപടി കൊടുത്തേനെയെന്നും സജ്‌ല പ്രതികരിച്ചിരുന്നു.