KERALA NEWS TODAY- ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് എംകോം ബിരുദ പ്രവേശനം നേടിയ കേസില്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ നല്‍കിയ മുന്‍ എസ്എഫ്‌ഐ നേതാവ് അബിന്‍ സി രാജിനെ പ്രതിചേര്‍ക്കുമെന്ന് പോലീസ്.
മാലി ദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി പറഞ്ഞു.
കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് നല്‍കിയത് അബിനാണെന്ന് നിഖില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
അബിന്‍ നേരത്തെ കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നു.
പോലീസിനോട് നിഖിൽ തോമസ് എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ കായംകുളം എസ്എഫ്ഐ മുൻ ഏരിയാ നേതാവായ അബിൻ സി രാജാണെന്നും ഇദ്ദേഹം ഇപ്പോഴുള്ളത് മാലിദ്വീപിലാണെന്നും ഇയാൾ പറഞ്ഞു.
കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും ഏജൻസിയെ പരിചയപ്പെടുത്തിയത് അബിൻ സി രാജാണെന്നും മൊഴി നൽകിയ നിഖിൽ, ബിരുദ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് ചെലവിട്ടതെന്നും പറഞ്ഞിരുന്നു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കായംകുളം എംഎസ്എം കോളേജിന് വീഴ്ച സംഭവിച്ചെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഇന്ന് പറഞ്ഞിരുന്നു.
വ്യാജ സർട്ടിഫിക്കറ്റാണെന്നത് അധ്യാപകർ തിരിച്ചറിയേണ്ടതായിരുന്നു. അവിടെ പഠിച്ച വിദ്യാർത്ഥിയാണ് നിഖിൽ തോമസ്.
എന്നാൽ നിഖിൽ തോമസിൻ്റെ തുല്യത സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കേരള സർവ്വകലാശാലയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ല.
സർവകലാശാല സർട്ടിഫിക്കറ്റുകളല്ല പരിശോധിക്കുന്നത്. കോഴ്സിൻ്റെ വിഷയങ്ങൾ മാത്രമാണെന്നും ബിന്ദു പറഞ്ഞു.