KERALA NEWS TODAY- ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം.കോം പ്രവേശനം നേടിയെന്ന കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ കസ്റ്റഡിയിലെടുത്ത ശേഷം കായംകുളം പോലീസ് സ്റ്റേഷനിലെത്തിച്ചു.
ചോദ്യം ചെയ്യലിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിഖിൽ തുറന്ന് പറഞ്ഞു. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ കായംകുളം എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി അബിൻ സി രാജുവാണ്. ഇദ്ദേഹം ഇപ്പോഴുള്ളത് മാലിദ്വീപിലാണ്.
കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്.
ഏജൻസിയെ പരിചയപ്പെടുത്തിയത് അബിൻ സി രാജുവാണ്.
ഡിഗ്രിക്ക് വേണ്ടി 2 ലക്ഷം രൂപയാണ് ചെലവിട്ടതെന്നും നിഖിൽ തോമസ് മൊഴി നൽകി. നിഖില്‍ തോമസിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.
കോഴിക്കോട്ടുനിന്ന് വരുമ്പോള്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് നിഖിലിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. നിഖില്‍ കൊട്ടാരക്കരയ്ക്കാണ് ടിക്കറ്റെടുത്തിരുന്നത്.
അഞ്ചുദിവസമായി ഒളിവിലായിരുന്നു നിഖില്‍. നിഖിലിൻ്റെ കൊട്ടാരക്കര യാത്ര എന്തിനായിരുന്നു എന്നതും പോലീസ് അന്വേഷിക്കും. നിഖിലിനെ വിശദമായി ചോദ്യംചെയ്യുമെന്ന് കായംകുളം ഡി വൈ എസ് പി അജയ്നാഥ് പറഞ്ഞു.