Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

നടന്‍ പൂജപ്പുര രവി അന്തരിച്ചു

ENTERTAINMENT NEWS-പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
എണ്ണൂറോളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മകന്‍ വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് പൂജപ്പുര രവി മറയൂരിലേക്ക് താമസം മാറ്റിയത്.
നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയജീവിതം ആരംഭിച്ചത്. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക ട്രൂപ്പിന്‍റെ ഭാഗമായി പത്തുവര്‍ഷത്തോളം അദ്ദേഹം പ്രവർത്തിച്ചിരുന്നു.

1970 കളുടെ പകുതിയോടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്.  വേലുത്തമ്പി ദളവ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ അരങ്ങേറിയ രവിയെ ശ്രദ്ധേയനാക്കിയത് ഹരിഹരന്‍റെ സംവിധാനത്തില്‍ എത്തിയ ‘അമ്മിണി അമ്മാവൻ’ എന്ന ചിത്രത്തിലെ വേഷമാണ്.

തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. പക്ഷേ ഏത് റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ ക്യാരക്ടർ ആര്‍ട്ടിസ്റ്റ് എന്ന പേര് വൈകാതെ കിട്ടി.

മികച്ച ടൈമിംഗ് കൊണ്ട് കോമഡി റോളുകളില്‍ നന്നായി തിളങ്ങിയിരുന്നു പൂജപ്പുര രവി. കള്ളന്‍ കപ്പലില്‍തന്നെ, പൂച്ചയ്‌ക്കൊരു മൂക്കുത്തി, മുത്താരംകുന്ന പി.ഒ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, റൗഡി രാമു, ഓടരുതമ്മാവാ ആളറിയാം, പൂരം, കുയിലിനെ തേടി, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, തേനും വയമ്പും, നായാട്ട്,  ഇതാ ഇന്നുമുതൽ, രാക്കുയിലിൻ രാഗസദസ്സിൽ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അഭിനയിച്ച അവസാന ചിത്രം.

Leave A Reply

Your email address will not be published.