ദോഹ: ഖത്തറിലെ പരമ്പരാഗത വ്യാപാര കേന്ദ്രമായ സൂഖ് വാഖിഫില്‍ നടന്ന ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനം ‘ഇന്ത്യന്‍ ഹംബ’യ്ക്ക് ലഭിച്ചത് മധുരം നിറഞ്ഞ സ്വീകരണം. ജൂണ്‍ എട്ടിന് സമാപിച്ച 10 ദിവസത്തെ മാമ്പഴ മേളയില്‍ ആകെ 1269.35 ക്വിന്റല്‍ മാമ്പഴം വിറ്റഴിച്ചതായി അധികൃതര്‍ അറിയിച്ചു. 2024 മെയ് 30 മുതല്‍ ജൂണ്‍ 8 വരെയായിരുന്നു പ്രദര്‍ശനം. സൂഖ് വാഖിഫും ഖത്തറിലെ ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.അല്‍ഫോന്‍സാ, ബംഗനപ്പള്ളി, നീലം, മാല്‍ഗോവ എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന മാമ്പഴ ഇനങ്ങളുമായി 60 കമ്പനികള്‍ മാമ്പഴ മേളയില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഹംബ മാംഗോ ഫെസ്റ്റിവലിന് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും ലഭിച്ചതെന്ന് ഫെസ്റ്റിവലിന്റെ ജനറല്‍ സൂപ്പര്‍വൈസര്‍ ഖാലിദ് സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. ഈ എക്‌സിബിഷനില്‍ ഞങ്ങള്‍ മികച്ച വിജയം കൈവരിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു.’- അദ്ദേഹം ഖത്തര്‍ ടിവിയോട് പറഞ്ഞു.