KERALA NEWS TODAY – തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയ്ക്ക് വൻ വിൽപ്പന.
അവധിദിവസമായിട്ടും സംസ്ഥാനത്തെ എല്ലാ ജില്ലാ സബ് ലോട്ടറി ഓഫീസുകളും പ്രവർത്തിച്ചു.
മൊത്തം 50 ലക്ഷം ഓണം ബമ്പർ ഭാഗ്യക്കുറിയാണ് അച്ചടിച്ചത്. അതിൽ ഓഗസ്റ്റ് 31 വരെ 38,31000 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ ആകെ സമ്മാനത്തുക ഇത്തവണ കൂടുതലാണ്.
ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച ശേഷമാണ് ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റംവരുത്തിയത്.
ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ വർഷം ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാം സമ്മാനം.
മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് നല്‍കും. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കിയത്.
ഇത്തവണ നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും നല്‍കും. ഇവയ്ക്കു പുറമേ 5000, 2000,1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ 500 രൂപയാണ് നിരക്ക്. സെപ്റ്റംബര്‍ 20നാണ് നറുക്കെടുപ്പ്.