KERALA NEWS TODAY – ന്യൂഡൽഹി : കോൺഗ്രസിലെ ഏറ്റവും ഉയർന്ന സംഘടനാ വേദിയായ പ്രവർത്തകസമിതിയെ പ്രഖ്യാപിച്ചു.
കേരളത്തിൽനിന്ന് ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പ്രവർത്തക സമിതി അംഗമായ മുതിർന്ന നേതാവ് എ.കെ.ആന്റണിയെ നിലനിർത്തി.
കെ.സി.വേണുഗോപാലും പട്ടികയിലുണ്ട്. ആകെ 39 അംഗ പ്രവർത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമുണ്ട്.
പ്രത്യേക ക്ഷണിതാക്കൾക്കൊപ്പം എക്സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയിൽ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരുമുണ്ട്.
രാജസ്ഥാനിൽനിന്ന് യുവനേതാവ് സച്ചിൻ പൈലറ്റ് സമിതിയംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി.
രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിൽക്കാനാണു സച്ചിനു താൽപര്യമെങ്കിലും അവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അദ്ദേഹം അധികാരപ്പോരിലാണ്. ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്റെ ആവശ്യം തള്ളിയ ഹൈക്കമാൻഡ്, പകരം പദവിയെന്ന നിലയിലാണ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്.
ജി23 അംഗങ്ങളായ മുകുൾ വാസ്‍നിക്, ആനന്ദ് ശർമ എന്നിവരും പ്രവർത്തക സമിതിയിലുണ്ട്. അതേസമയം, മനീഷ് തിവാരി സ്ഥിരം ക്ഷണിതാവാണ്.
സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാർ പ്രവർത്തക സമിതി അംഗത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും, സ്ഥിരം ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്.
അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഏറെ നിർണായകമായ നാളുകളിലേക്കാണു പാർട്ടി കടക്കുന്നത്.
അതുകൊണ്ടുതന്നെ, രാഷ്ട്രീയമായി പാർട്ടിക്കു കരുത്തേകാൻ കെൽപുള്ള നേതാക്കളാണ് 39 അംഗ സമിതിയിൽ ഇടംപിടിച്ചത്.
പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സമിതിയംഗങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണയായിരുന്നു.