Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

താമരശേരി പുതുപ്പാടിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു : മകൻ കസ്റ്റഡിയിൽ

കോഴിക്കോട് : താമരശേരി പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന മകൻ കസ്റ്റഡിയിൽ. അടിവാരം മുപ്പത് ഏക്കർ കായിക്കൽ സുബൈദയെ കൊലപ്പെടുത്തിയ മകൻ ആഷിഖാണ് പൊലീസ് കസ്റ്റഡിയിലായത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആഷിഖിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സഹോദരി ഷക്കീലയുടെ ചോയിയോടുള്ള വീട്ടിലായിരുന്നു സുബൈദ കഴിഞ്ഞിരുന്നത്. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളായി കിടപ്പിലായിരുന്നു ഇവർ.

ബെംഗളൂരുവിലെ ഡിഅഡിഷൻ കേന്ദ്രത്തിലായിരുന്ന ആഷിഖ് മാതാവിനെ കാണാൻ എത്തിയതായിരുന്നു. സുബൈദയുടെ സഹോദരി ഷക്കീല ജോലിക്ക് പോയ സമയത്താണ് ആഷിഖ് വീട്ടിലെത്തിയത്. അയൽവീട്ടിൽ നിന്ന് തേങ്ങാ പൊളിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങി. തുടർന്ന് വീട്ടിലെത്തി ഈ കത്തി ഉപയോഗിച്ച് ഉമ്മയുടെ കഴുത്തിനും മുഖത്തും വെട്ടുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ പിടയുന്ന സുബൈദയെയാണ് കണ്ടത്. ഇതിനിടെ ആഷിഖ് വീടിനുള്ളിൽ ഒളിച്ചിരുന്നു. സമീപവാസികൾ പലയിടങ്ങളിലും പരിശോധിച്ചെങ്കിലും ആഷിഖിനെ കണ്ടെത്താനായില്ല. ആളുകൾ പോയെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആഷിഖിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബൈദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.