LOCAL NEWS-കൊല്ലം : ആശ്രാമം മൈതാനത്ത് ഒരാഴ്ചയായി നീണ്ടു നിൽക്കുന്ന സമൃദ്ധി ജില്ലാതല വ്യവസായ ഉൽപന്ന പ്രദർശന വിപണന മേള ഇന്നു സമാപിക്കും.
ജില്ലാ പഞ്ചായത്തിന്റെ ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ പട്ടികവർഗ വികസന ഓഫിസും ചേർന്നാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഓണമൊരുക്കാൻ വേണ്ട സാധനങ്ങളും നാടൻ ഉൽപന്നങ്ങളുമെല്ലാമുള്ള മേളയിൽ ലഭിക്കുന്നതിനാൽ സാധനങ്ങൾ വാങ്ങാനും വസ്ത്രം വാങ്ങാനും ഭക്ഷണ സാധനങ്ങൾ കഴിക്കാനുമായി ഒട്ടേറെപ്പേരാണ് എത്തുന്നത് .
മേളയിൽ ചെറുകിട വ്യവസായ സംരംഭകർ, പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങൾ, പരമ്പരാഗത കൈത്തറി കരകൗശല ഉൽപന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും ഇതിനോടകം ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.
സംരംഭകർക്ക് മികച്ച അവസരം കൂടിയാണ് മേളയിലൂടെ ലഭിച്ചിരിക്കുന്നത്.
കൈത്തറി വസ്ത്ര ശേഖരവും കാർഷിക ഉൽപന്നങ്ങൾക്കും ഓണക്കാലത്ത് ആവശ്യക്കാർ ഏറെയാണെന്നതും മേളയുടെ ആകർഷണം വർധിപ്പിച്ചിട്ടുണ്ട്.
രാജസ്ഥാൻ, ഉത്തരേന്ത്യൻ വിഭവങ്ങളുമായി ശ്രദ്ധ നേടുന്ന ഫുഡ് കോർട്ടിൽ നിന്നു ഒട്ടേറെ പേർ ഭക്ഷണം കഴിക്കാനും പാഴ്സൽ വാങ്ങാനുമായി എത്തുന്നുണ്ട്.
ഇന്ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അധ്യക്ഷത വഹിക്കും. തുടർന്ന് 5 മുതൽ വഞ്ചിയോട് തുമ്പ കലാസമിതി അവതരിപ്പിക്കുന്ന സംഘനൃത്തവും തുടിതാളം അവതരിപ്പിക്കുന്ന നാടൻപാട്ടും അരങ്ങേറും.