Malayalam Latest News

ചെക്ക് പോസ്റ്റുകളിൽ കൈക്കൂലി കൊയ്ത്ത്; വിജിലൻസിന്റെ മിന്നൽ പരിശോധന

KERALA NEWS TODAY – തിരുവനന്തപുരം : കേരളത്തിലെ ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വ്യാപകമായി കൈക്കൂലി പണം കണ്ടെത്തി. “ഓപ്പറേഷൻ ട്രഷർ ഹണ്ട്” എന്ന പേരിൽ നടത്തിയ പരിശോധനയിൽ പാറശ്ശാല ചെക്ക് പോസ്റ്റിൽ നിന്ന് കൈക്കൂലിപ്പണം പിടികൂടി.
ഏജന്റുമാർ മുഖേന എത്തിയ പണമാണ് പിടികൂടിയത്. പാറശാല ചെക്ക് പോസ്റ്റിൽ നിന്ന് 11,900 രൂപ വിജിലൻസ് പിടിച്ചെടുത്തു.
പൂവാറിൽ ഓഫീസ് അടച്ചിട്ട് ജീവനക്കാർ ഉറങ്ങുന്നതും വിജിലൻസ് കണ്ടെത്തി. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് 6000 രൂപ പിടിച്ചു. ഗോപാലപുരം – 3950 രൂപ, വേലന്താവളം- 4700 രൂപയും പിടികൂടി.

കഴിഞ്ഞ ദിവസം പുലർച്ചെ സംസ്ഥാനത്തെ 70 ചെക്ക് പോസ്റ്റുകളിൽ നടത്തിയ പരിശോധനയിലാണ് പാറശ്ശാല ചെക്ക് പോസ്റ്റിൽ നിന്ന് കൈക്കൂലിപ്പണം കണ്ടെത്തിയത്.
ഉദ്യോഗസ്ഥർക്ക് നൽകാനുള്ള കൈക്കൂലി ചെക്ക് പോസ്റ്റിന് സമീപത്തുള്ള കടയിൽ നൽകുകയാണ് രീതി.
ഇങ്ങനെ കടയിൽ എത്തിയ പണമാണ് വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തിയത്. നിലവിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിലെ അഴിമതി കണ്ടെത്തുന്നതിനാണ് വിജിലൻസ് പരിശോധന നടത്തിയത്. ഓണക്കാലത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നു വരുന്ന വാഹനങ്ങളിൽ മതിയായ പരിശോധന നടത്താതെ ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വാങ്ങി സംസ്ഥാനത്തേക്ക് കടത്തി വിടുന്നതായും ഇതുവഴി സർക്കാർ ഖജനാവിന് സാമ്പത്തിക നഷ്ടം വരുത്തുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്.

Leave A Reply

Your email address will not be published.