Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

എഐ ക്യാമറ വച്ചതോടെ റോഡ് അപകടമരണം കുറഞ്ഞെന്നു സർക്കാർ

KERALA NEWS TODAY – കൊച്ചി : എഐ ക്യാമറകൾ കഴിഞ്ഞ ജൂൺ 5 മുതൽ പ്രവർത്തനനിരതമായതോടെ സംസ്ഥാനത്ത് റോഡപകട മരണങ്ങൾ ഗണ്യമായി കുറഞ്ഞെന്നും പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
എഐ ക്യാമറ ഇടപാടിൽ അഴിമതിയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണു സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാക്കൾ നൽകിയിരിക്കുന്ന ഹർജി രാഷ്ട്രീയപ്രേരിതവും നിലനിൽക്കാത്തതുമാണ്.
സേഫ് കേരള പദ്ധതിയെക്കുറിച്ചു മതിയായ വിവരങ്ങൾ ശേഖരിക്കാതെയും ഓട്ടമേറ്റഡ് ട്രാഫിക് എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ ലക്ഷ്യം മനസ്സിലാക്കാതെയുമാണു ഹർജി നൽകിയിരിക്കുന്നത്. അവ്യക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഡേറ്റ കരാറുകാർക്കു ലഭിക്കുന്നില്ല. സ്വകാര്യതയുടെ ലംഘനമുണ്ടാകുന്നില്ല.
കെൽട്രോൺ 5 വർഷംകൊണ്ടു 424 കോടി രൂപ പിഴയായി ലഭിക്കുമെന്നാണു കണക്കാക്കിയിരിക്കുന്നത്.
2014–15 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 424 കോടി ലഭിക്കുമെന്നതിന് അടിസ്ഥാനമില്ലെന്നു പറയാനാവില്ലെന്നും സർക്കാർ അറിയിച്ചു.

6 വർഷത്തോളം ചർച്ചകളും മറ്റും നടത്തിയതിനു ശേഷമാണു പദ്ധതി നടപ്പാക്കിയത്.
ശബരിമല സേഫ് സോൺ പദ്ധതിയിൽ ലഭിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ 2017ൽ ഉദ്യോഗസ്ഥൻ മുന്നോട്ടുവച്ച നിർദേശമാണു കേരളത്തിലാകെ നടപ്പാക്കാൻ അനുമതി നൽകിയത് – സർക്കാർ അറിയിച്ചു.

മരണസംഖ്യ കുറഞ്ഞു
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 3366 അപകടങ്ങളിലായി 307 പേർ മരിച്ചപ്പോൾ ഈ ഓഗസ്റ്റിൽ ഇത് 58 ആയി. അപകടങ്ങളുടെ എണ്ണത്തിലും കുറവുണ്ട് – 1065.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 4040 പേർക്കു പരുക്കേറ്റു. ഈ ഓഗസ്റ്റിൽ പരുക്കേറ്റവരുടെ എണ്ണം 1197.
കഴിഞ്ഞ 5 വരെ നിയമ ലംഘനങ്ങൾക്കായി 59,72,03,500 രൂപ പിഴ ചുമത്തിയെന്നും അറിയിച്ചു.

Leave A Reply

Your email address will not be published.