NATIONAL NEWS – ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി.
ലോക്സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനമിറക്കിയത്. ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരായുള്ള അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്ത് നിന്ന് പ്രസംഗിക്കുക.
എന്നാൽ അംഗത്വം പുന്സ്ഥാപിക്കുന്നത് സ്‌പീക്കർ നീട്ടിയാൽ സുപ്രീംകോടതിയെ സമീപിച്ച് അംഗത്വം പുനസ്ഥാപിക്കുന്നതും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.
കൂടാതെ ലോക്‌സഭയിലും, രാജ്യസഭയിലും വിഷയം ഉന്നയിച്ച് പ്രതിഷേധം ഉയര്‍ത്തുന്നതും കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്.
രാഹുലിന്റെ അംഗത്വം റദ്ദാക്കുന്നതിന് എടുത്തവേഗം, അംഗത്വം പുനസ്ഥാപിക്കുന്നതിനും ആവശ്യമുണ്ടെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അംഗത്വം കോടതി ഉത്തരവ് വന്ന് ഒരുമാസം കഴിഞ്ഞാണ് പുനഃസ്ഥാപിച്ചിരുന്നത്.
ഇതാകും സ്‌പീക്കർ ഉയർത്തുന്ന വാദം. എന്നാൽ, കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസൽ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അംഗത്വം പുനസ്ഥാപിച്ചത്.
137 ദിവസങ്ങൾക്കു ശേഷമാകും രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് മടങ്ങിയെത്തുക. കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാൽ, ലോക്സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോകസഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാൽ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്. ഇതിനായി ലോക്സഭാ സ്‌പീക്കർ ഓം ബിർലയ്‌ക്ക് കോൺഗ്രസ് കത്ത് നൽകി.
എന്നാലിത് നേരിട്ട് സ്വീകരിക്കാതെ സ്‌പീക്കർ ഓം ബിർല ഒഴിഞ്ഞു മാറിയിരുന്നു. സമയം അനുവദിക്കാതിരുന്നതോടെ, കോൺഗ്രസ് ലോകസ്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കത്ത് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ എൽപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാർച്ച് 23ലെ സുപ്രീംകോടതി ഉത്തരവു വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കി ലോകസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്.