NATIONAL NEWS – ന്യൂഡൽഹി : ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡൽഹിയിലെത്തി.
18 നേപ്പാൾ പൗരന്മാരുൾപ്പെടെ 286 യാത്രക്കാരുമായാണ് ടെൽ അവീവിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം ചൊവ്വാഴ്‌ച ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയത്.
ഹമാസുമായി തീവ്രമായ സംഘർഷം നിലനിൽക്കുന്ന ഇസ്രായേലിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ അജയ് പ്രകാരം സർവീസ് നടത്തുന്ന അഞ്ചാമത്തെ വിമാനമാണിത്.
ഓപ്പറേഷൻ അജയ് പ്രകാരമുള്ള അഞ്ചാമത്തെ വിമാനത്തിൽ 18 നേപ്പാൾ പൗരന്മാരുൾപ്പെടെ 286 യാത്രക്കാർ എത്തിയതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് പോസ്‌റ്റിലൂടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
അതേസമയം, വിമാനത്തിലെത്തിയ യാത്രക്കാരിൽ സംസ്ഥാനത്ത് നിന്നുള്ള 22 പേർ ഉണ്ടെന്നാണ് കേരള സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിനിടെ സ്പൈസ് ജെറ്റ് വിമാനം എ 340 ഞായറാഴ്‌ച ടെൽ അവീവിൽ ലാൻഡ് ചെയ്‌തതിന് പിന്നാലെ സാങ്കേതിക തകരാർ നേരിടുകയും ഇത് പരിഹരിക്കാനായി വിമാനം ജോർദാനിലേക്ക് കൊണ്ടുപോകുകയും ചെയ്‌തിരുന്നു.
തകരാർ പരിഹരിച്ച ശേഷം ചൊവ്വാഴ്‌ചയോടെ ടെൽ അവീവിൽ നിന്നുള്ളവരെയും വഹിച്ചുകൊണ്ട് വിമാനം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെ വിമാനം ദേശീയ തലസ്ഥാനത്തേക്ക് മടങ്ങാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.