KERALA NEWS TODAY – തിരുവനന്തപുരം : സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കനക്കവേ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ലെന്നും ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്നും എം.വി.ഗോവിന്ദൻ വിശദീകരിച്ചു.
വിഷയത്തിൽ ഷംസീർ മാപ്പുപറയില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. മാപ്പുപറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല.
തിരുത്തണ്ട ഒരുകാര്യവും ഇതിനകത്തില്ല. ഷംസീർ പറഞ്ഞതുമുഴുവൻ ശരിയാണ്. നെഹ്റു പറഞ്ഞതും ഇതുതന്നെയാണ്.
മതവിശ്വാസത്തിനു എതിരായ നിലപാട് സിപിഎമ്മിനില്ല. ഞങ്ങളുടെ ദാർശനിക നിലപാട് വൈരുദ്ധ്യാത്മക ഭൗതിക വാദമാണ്.
അതനുസരിച്ച് ഇന്ത്യൻ സമൂഹത്തെ മനസിലാക്കാനും പഠിക്കാനുമാണു ഞങ്ങൾ ശ്രമിക്കുന്നത്. അതിന്റെ പ്രയോഗമാണ് ചരിത്രപരമായ ഭൗതികവാദം.
ഉള്ളതു ഉള്ളതുപോലെ കണ്ടുകൊണ്ട് കാര്യങ്ങൾ മുൻപോട്ട് നയിക്കുക. കൃത്യതയാർന്ന സമീപനം വിശ്വാസികളെ സംബന്ധിച്ച് ഞങ്ങൾക്കുണ്ട്.
അതേസമയം വിശ്വാസികൾ ഉയർത്തിപ്പിടിക്കുന്നതോ അവർ കാണുന്നതോ ആയ നിരവധി കാര്യങ്ങളോട് ഞങ്ങൾക്കു വിയോജിപ്പുണ്ട്.
ബാബ്റി മസ്ജിദ് തകർത്ത സ്ഥലത്തു രാമക്ഷേത്രം നിർമിക്കാൻ പരികർമ്മിയെ പോലുള്ള നിലപാട് ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിച്ചു.
അത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യമാണോ? ഇന്ത്യൻ പാർലമെന്റിൽ ചെങ്കോൽ വയ്ക്കുന്ന സ്ഥിതിയുണ്ടായി. മഹാത്മാഗാന്ധിയെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വക്താവ് എന്ന രീതിയിലോ, അദ്ദേഹത്തിന്റെ വധത്തെക്കുറിച്ചോ പഠിക്കാൻ പാടില്ലെന്നു പറയുന്നു. ഡാർവിന്റെ പരിണാമസിദ്ധാന്തം പഠിപ്പിക്കാൻ പാടില്ല. കാവിവ്തകരിക്കുകയാണ്.
കാവിവത്കരിക്കൽ ഇപ്പോൾ തുടങ്ങിയതല്ല.
അമ്പലത്തില്‍ പോകാനുള്ള ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന പ്രസ്ഥാനമാണ് സിപിഎം.
അമ്പലത്തിൽ പോവുന്നതിലോ, വഴിപാട് കഴിക്കുന്നതിലോ ഞങ്ങൾക്ക് എതിർപ്പു രേഖപ്പെടുത്തേണ്ടതില്ല. പക്ഷേ അത് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന തലത്തിലേക്കു മാറുന്നില്ലേയെന്നു സ്വയം പരിശോധിക്കണമെന്നാണു ഞങ്ങൾ അഭ്യർഥിക്കുന്നത്.