Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഹമാസ് നേതാവിന്റെ കൊലപാതകം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്

ബയ്‌റുത്ത്: ഹമാസിന്റെ മുതിര്‍ന്ന നേതാവ് സലാഹ് അല്‍ അറൂരിയുടെ കൊലപാതകത്തില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ലബനീസ് സായുധസംഘടനയായ ഹിസ്ബുല്ല.

തങ്ങളുടെ നിയന്ത്രണത്തിലുള്ള ബയ്‌റുത്തില്‍ നടത്തിയ കൊലപാതകത്തിന് മറുപടി പറയാതെയോ ശിക്ഷിക്കപ്പെടാതെയോ പോവില്ലെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു.

ലെബനന് നേരെയുള്ള ഗുരുതരമായ ആക്രമണമാണിതെന്ന് ഹിസ്ബുല്ല ആരോപിച്ചു. ഇസ്രയേല്‍- ഹമാസ് യുദ്ധത്തിലെ അപകടകരമായ വഴിത്തിരിവാണിതെന്നും അവര്‍ ആക്രമണത്തെ വിശേഷിപ്പിച്ചു.

ഹമാസിന്റെ സഖ്യകക്ഷിയായ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ തെക്കന്‍ ബയ്‌റുത്തിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ അറൂരിയടക്കം ആറുപേര്‍ കൊല്ലപ്പെട്ടു.

നേരത്തെ, റാസി മൗസവി സിറിയയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ജനറല്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍, ആക്രമണത്തിനും പ്രതിരോധത്തിനും തങ്ങള്‍ തയ്യാറാണെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സജ്ജമാണെന്നും സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

അറൂരിയുടെ കൊലപാതകത്തെ അപലപിച്ച ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി, ലെബനനേയും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമമെന്ന് ആരോപിച്ചിരുന്നു.

Leave A Reply

Your email address will not be published.