Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ജഗതി ശ്രീകുമാറിന്റെ വീട്ടിലെത്തി ടൈറ്റിൽ ലോഞ്ച് ചെയ്ത് ‘മൊത്തത്തി കൊഴപ്പാ’ അണിയറപ്രവർത്തകർ

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടൻ ജഗതി ശ്രീകുമാർ നിർവഹിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്. ‘മൊത്തത്തി കൊഴപ്പാ’ എന്നാണ് ചിത്രത്തിന്റെ പേര്.
മാൻമിയാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ സോണിയും വിപിൻലാലും ചേർന്നാണ് എഴുതിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ അനുവിനും വിനയനും ഇടയിലേക്ക് പഞ്ചാബിനടുത്തുള്ള പഞ്ചഗുളയിൽ നിന്നും മാന്യനും നിഷ്കളങ്കനുമായ ഒരു കുരുത്തംകെട്ട കഥാപാത്രം എത്തുന്നതോടുകൂടി അനുവും വിനയനും അവരുമായി ബന്ധപ്പെട്ട കുറെ കഥാപാത്രങ്ങളും മൊത്തത്തിൽ കുഴപ്പത്തിലാകുന്നു.ഇത്തരത്തിൽ കുഴപ്പത്തിലായ വീരപാണ്ഡ്യന്റെ മിത്തുകളാൽ ചുറ്റപ്പെട്ട പൈതൃക സ്വത്തും തേടിയുള്ള അന്വേഷണം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിന്റെ സഹ്യപർവ്വതമലനിരകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന കഥാപശ്ചാത്തലം പിന്നീട് തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിലേക്ക് നീളുന്നു.പുതുമുഖങ്ങളായ സോണി, സ്നേഹ ഉണ്ണികൃഷ്ണൻ, സുഷാന്ത്, രതീഷ് എന്നിവർക്കൊപ്പം ടി.എസ്. രാജു, നസീർ സംക്രാന്തി, സുനിൽ സുഖദ, രാജേഷ് ശർമ, മോളി കണ്ണമാലി, കോട്ടയം പ്രദീപ്, കല്ല്യാണി നായർ തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തിൽ ഉണ്ട്.
പൂവച്ചൽ ഖാദർ ഗാനരചന നിർവഹിച്ച അവസാന ചിത്രം കൂടിയാണിത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സതീഷ് വിശ്വ സംഗീതം നൽകി വിധുപ്രതാപ്, ജ്യോത്സന, അൻവർ സാദത്ത് എന്നിവർ ആലപിച്ചിരിക്കുന്നു. ക്യാമറ- രാജീവ് മാധവൻ, അനൂപ് മുത്തിക്കാവിൽ; കലാസംവിധാനം- രാജേഷ് കാസ്ട്രോ, പശ്ചാത്തല സംഗീതം- ശിവൻ ഭാവന, അജയ് തിലക്; എഡിറ്റിംഗ്- കിരൺ വിജയൻ, പി.ആർ.ഒ.- ബി.വി. അരുൺ കുമാർ, സുനിത സുനിൽ.കോഴിക്കോട്, മൂന്നാർ, വാഗമൺ, തിരുവനന്തപുരം, നാഗർകോവിൽ, തിരുനെൽവേലി, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ നവംബറിൽ തിയേറ്ററുകളിലേക്ക് എത്തുന്നു.

Leave A Reply

Your email address will not be published.