NATIONAL NEWS – ഇംഫാല്‍: പോലീസിന്റെ ആയുധശാലയില്‍നിന്ന് വന്‍തോതില്‍ തോക്കുകളും വെടിയുണ്ടകളും അപഹരിച്ചുവെന്ന വാർത്ത സ്ഥിരീകരിച്ച് മണിപ്പുർ പോലീസ്.
സംസ്ഥാനത്തെ മലയോര ജില്ലകളിൽ നിന്നും താഴ്‌വരയിൽ നിന്നും ആയുധങ്ങൾ കൊള്ളയടിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ട്വിറ്ററിലൂടെയായിരുന്നു പോലീസിന്റെ പ്രതികരണം.
കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടെടുക്കുന്നതിനായി പ്രദേശങ്ങളിൽ റെയ്ഡ് തുടരുന്നതായി പോലീസ് അറിയിച്ചു.
തുടർന്ന് താഴ്വരയിലെ ജില്ലകളിൽ നിന്ന് 1057 ആയുധങ്ങളും 14201 വെടിക്കോപ്പുകളും മലയോര പ്രദേശങ്ങളിൽ നിന്ന് 138 ആയുധങ്ങളും 121 വെടിക്കോപ്പുകളും കണ്ടെടുത്തു.
ശനിയാഴ്ചയും സമാനമായ രീതിയിൽ പോലീസ് സംഘത്തിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം നടന്നു. എന്നാൽ വിഷയത്തിൽ പോലീസ് കൃത്യമായി ഇടപെട്ടതായും അക്രമികളെ പിടികൂടി ആയുധങ്ങൾ തിരിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി.
ബിഷ്ണുപുര്‍ ജില്ലയിലുള്ള ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ (ഐ.ആര്‍.ബി) ആസ്ഥാനത്തേക്ക് അതിക്രമിച്ചുകടന്ന ജനക്കൂട്ടം എ.കെ 47 തോക്കുകള്‍ അടക്കമുള്ള നിരവധി ആയുധങ്ങളും 19,000 വെടിയുണ്ടകളും അപഹരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.
എ.കെ 47 തോക്കുകള്‍, ചേതക് റൈഫിളുകള്‍, പിസ്റ്റളുകള്‍ എന്നിവയ്ക്ക് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഗ്രനേഡുകളും അടക്കമുള്ളവ മോഷ്ടിക്കപ്പെട്ടതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. മണിപ്പുരില്‍ മെയ് മൂന്നിന് തുടങ്ങിയ അക്രമ സംഭവങ്ങളില്‍ ഇതുവരെ 180-ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.