THIRUVANANTHAPURAM – തിരുവനന്തപുരം : ഈ വർഷം സർക്കാർ നേരിടുന്ന ഗുരുതര സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് അടുത്ത വർഷവും ചെലവുകൾ വെട്ടിക്കുറയ്ക്കണമെന്ന് എല്ലാ വകുപ്പുകൾക്കും ധനവകുപ്പിന്റെ മുന്നറിയിപ്പ്.
അടുത്ത വർഷത്തെ (2024–25) സംസ്ഥാന ബജറ്റിലേക്കുള്ള നിർദേശങ്ങൾ ക്ഷണിച്ചുകൊണ്ടു ധനവകുപ്പു പുറത്തിറക്കിയ സർക്കുലറിലാണു മുന്നറിയിപ്പുള്ളത്.
സർക്കാർ ജീവനക്കാർക്കു നൽകുന്ന ശമ്പളം ഒഴികെയുള്ള ഒരു പദ്ധതിയിതര ചെലവും ഈ വർഷത്തെക്കാൾ കൂടരുതെന്നും ആവശ്യപ്പെട്ടു.
ഇതു പാലിച്ചു കൊണ്ടു വേണം വകുപ്പുകൾ ചെലവുകളുടെ എസ്റ്റിമേറ്റ് തയാറാക്കാൻ.
* മുഖ്യ നിർദേശങ്ങൾ
∙ സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിനു വേണ്ടി ഏതൊക്കെ മേഖലകളിൽ നിന്നാണു പണം പിരിഞ്ഞു കിട്ടാനുള്ളതെന്നും എന്തുകൊണ്ടാണു കുടിശികയെന്നും വകുപ്പുകൾ അറിയിക്കണം. വായ്പകൾ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാരണം വ്യക്തമാക്കണം.
ഏതെങ്കിലും വകുപ്പ് സർക്കാരിലേക്ക് അടയ്ക്കേണ്ട പണത്തിൽ കുടിശിക വരുത്തിയിട്ടുണ്ടെങ്കിൽ അതു കുറവു ചെയ്തുള്ള പണമേ വകുപ്പിനു നൽകൂ.
∙ ബജറ്റ് എസ്റ്റിമേറ്റിൽ കൃത്യത പാലിക്കണം. എസ്റ്റിമേറ്റിലെ തുക പിന്നീടു കൂട്ടുകയോ കുറയ്ക്കുക്കയോ ചെയ്യേണ്ടി വരരുത്.
ചെലവ് എസ്റ്റിമേറ്റിൽനിന്നു വ്യത്യാസപ്പെട്ടാൽ അതിനു കൃത്യമായ കാരണം ബോധിപ്പിക്കണം.
∙ എല്ലാ മേഖലയിലും ചെലവു ചുരുക്കൽ നടപ്പാക്കണം. ലാഭകരമല്ലാത്ത സ്കീമുകൾ നിർത്തലാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണികൾ മാറ്റണം.
വകുപ്പു മേധാവികൾ ഓരോ പദ്ധതിയും സ്കീമും പരിശോധിച്ച് കഴിയുന്നത്ര ചെലവ് വെട്ടിക്കുറയ്ക്കണം.
∙ ഒരു പദ്ധതി നിർത്തലാക്കുമ്പോൾ അതിനു നിയോഗിച്ച ജീവനക്കാരെ പുനർവിന്യസിക്കണം. അധികം വരുന്ന ജീവനക്കാരുടെ പട്ടിക വകുപ്പുകൾ ഹാജരാക്കണം.
ഓരോ പദ്ധതിയും സ്കീമും തുടരേണ്ടതുണ്ടോ എന്നു വിമർശനാത്മകമായി പരിശോധിക്കണം. ആവശ്യമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം.
∙ സർക്കാർ പ്രത്യേകം അംഗീകരിക്കാത്ത ഒരു പദ്ധതി നിർദേശവും ചീഫ് എൻജിനീയർമാർ അയയ്ക്കരുത്. ചെലവു ചുരുക്കൽ ഉത്തരവുകൾ പാലിച്ചു വേണം പുതിയ വാഹനങ്ങൾ വാങ്ങാനും മറ്റും ശുപാർശ നൽകാൻ. പദ്ധതിയിതര ചെലവുകളുടെ എസ്റ്റിമേറ്റ് സെപ്റ്റംബർ 5നു മുൻപും പദ്ധതിച്ചെലവുകളുടേതു സെപ്റ്റംബർ 10നു മുൻപും വകുപ്പുകൾ സമർപ്പിക്കണം.