ന്യൂഡൽഹി: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു. മകൾ നയാബ് ഉദാസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ. രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ‘ചിട്ടി ആയി ഹേ…’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗാതാസ്വാദകരിൽ ചിരിപ്രതിഷ്ഠ നേടി.ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. 1980ലാണ് പങ്കജിന്റെ ആദ്യ ഗസൽ ആൽബം പുറത്തിറങ്ങിയത്. ‘ആഹത്’ എന്നായിരുന്നു പേര്. 1990ൽ വെൽവെറ്റ് വോയ്‌സ് പുറത്തിറക്കിയ ‘റൂബായി’ ഗസൽ പ്രേമികൾക്ക് ഒരു പുതിയ അനുഭവമായി. പങ്കജിന്റെ സംഗീതയാത്രകൾ വിദേശരാജ്യങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ചിട്ടി ആയി ഹേ’ എന്ന ഗസൽ മറുനാടുകളിലുള്ള ഇന്ത്യക്കാരെ ഏറെ ആകർഷിച്ചു. ഇന്ത്യൻ ജീവിതത്തെക്കുറിച്ച് ഗൃഹാതുര സ്‌മരണകൾ ഉണർത്തിയ ഗസലായിരുന്നു അത്.നാം എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ പങ്കജ് ഉദാസ് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. 80കളുടെ അവസാനവും 90കളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡിൽ നിറഞ്ഞുനിന്നെങ്കിലും അദ്ദേഹത്തിന് എക്കാലത്തും പ്രണയം ഗസലിനോടായിരുന്നു.