NATIONAL NEWS – ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍നിന്ന് മെട്രോട്രെയിനില്‍ ഇനി 15 മിനിറ്റ് കൊണ്ട് ഡല്‍ഹി വിമാനത്താവളത്തില്‍ എത്താം.
ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 120 കിലോമീറ്ററായി ഉയര്‍ത്തുന്നതോടെയാണ് യാത്രസമയം കുറയുന്നത്.
ഞായറാഴ്ച മുതല്‍ എക്‌സ്പ്രസ് ലൈനില്‍ 120 കി.മീ വേഗതയിലാകും സര്‍വീസുകള്‍ നടത്തുകയെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
എയര്‍പോര്‍ട്ട് ലൈനില്‍ ദ്വാരക സെക്ടര്‍ 21 മുതല്‍ ദ്വാരക സെക്ടര്‍ 25-ലെ ‘യശോഭൂമി’ വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനവും ഞായറാഴ്ചയാണ്.
‘യശോഭൂമി’ എന്ന് നാമകരണം ചെയ്ത, പുതിയ കണ്‍വെന്‍ഷന്‍ സെന്ററായ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സ്‌പോ സെന്ററിന്റെ ഉദ്ഘാടനത്തിനൊപ്പമാണ് പുതിയ പാതയും പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകൊടുക്കുക. ഇതിനുപിന്നാലെ ഞായറാഴ്ച വൈകിട്ട് മൂന്നുമണി മുതല്‍ പുതിയ പാതയില്‍ മെട്രോ സര്‍വീസ് ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പുതിയ പാത തുറക്കുന്നതോടെ ന്യൂഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍നിന്ന് യശോഭൂമിയിലേക്ക് 21 മിനിറ്റില്‍ എത്താം.
എയര്‍പോര്‍ട്ട് ലൈനിലെ ട്രെയിനുകളുടെ വേഗം കൂട്ടിയതോടെ മറ്റിടങ്ങളിലേക്കുള്ള യാത്രാസമയവും കുറയും. നിലവില്‍ ന്യൂഡല്‍ഹി മുതല്‍ ദ്വാരക സെക്ടര്‍ 21 വരെ ഏകദേശം 22 മിനിറ്റാണ് യാത്രാസമയം. ഇത് ഇനി 19 മിനിറ്റായി കുറയും.
ഡി.എം.ആര്‍.സി എന്‍ജിനീയര്‍മാരും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും വിദഗ്ധരും ചേര്‍ന്നുള്ള കൃത്യമായ ആസൂത്രണത്തിലൂടെയും സമയബന്ധിതമായി എല്ലാം നടപ്പാക്കിയതിനാലുമാണ് 120 കി.മീറ്ററിലേക്ക് വേഗത ഉയര്‍ത്താന്‍ കഴിഞ്ഞതെന്നായിരുന്നു ഡി.എം.ആര്‍.സി.യുടെ പ്രതികരണം.