ചെന്നൈ : തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിനം ദമ്പതികളെ കൊലപ്പെടുത്തി.
പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
മാരിസെൽവം (23), കാർത്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഒരേ വിഭാഗത്തിൽപ്പെട്ടവരാണ്. യുവതിയുടെ ബന്ധുക്കളാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
വ്യാഴാഴ്ച വൈകിട്ട് ആറേ മുക്കാലോടെ ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ഇവരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ യുവതിയുടെ അമ്മാവനെ സംശയിക്കുന്നതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഷിപ്പിങ് കമ്പനിയിലാണ് മാരിസെൽവം ജോലി ചെയ്തിരുന്നത്. ഒക്ടോബർ 30നാണ് ഇയാൾ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽവച്ച് കാർത്തികയെ വിവാഹം ചെയ്തത്.
തുടർന്ന് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവാഹക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.