കോഴിക്കോട് വേങ്ങേരിയില്‍ സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ് ഉടമയും ഡ്രൈവറും അറസ്റ്റിൽ. ബസ് ഉടമ അരുൺ, ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചേവായൂർ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഡ്രൈവർ അഖിലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമയ്ക്കെതിരെ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി.തിങ്കളാഴ്ച രാവിലെ 9.30ഓടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു കക്കോടി സ്വദേശികളായ ഷൈജു കെ പി (ഗോപി -43) , ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്. മുമ്പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോള്‍ സ്കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ചുവീഴ്ത്തി മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസിന്റെ പിറകിലിടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ 5 യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.