NATIONAL NEWS – ബെംഗളൂരു നഗരത്തില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട തീവ്രവാദികള്‍ അറസ്റ്റിലായ കേസിന്റെ അന്വേഷണം കേരളത്തിലേക്കും. പ്രതികളില്‍ ചിലര്‍ കേരളത്തില്‍ എത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ കര്‍ണാടക പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്.
അതിനിടെ കേസിലെ പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രവര്‍ത്തനക്ഷമമായ ഗ്രനേഡുകള്‍ പിടിച്ചെടുത്തു. എന്‍.ഐ.എ പ്രാഥമിക വിവര ശേഖരണം തുടങ്ങിയതോടെ കേസ് ഏറ്റെടുക്കുമെന്ന് ഉറപ്പായി.
ചൊവ്വാഴ്ച രാത്രിയാണു നഗരത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചംഗ തീവ്രവാദി സംഘത്തെ കര്‍ണാടക പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സുല്‍ത്താന്‍ പാളയിലെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.
ബെംഗളുരു സ്വദേശികളായ സയ്യിദ് സുഹേല്‍ ഖാന്‍, മുഹമ്മദ് ഉമര്‍, ഫൈസല്‍ റബ്ബാനി, മുദസില്‍ പാഷ, ജാഹിദ് തബ്രീസ് എന്നിവരാണു പിടിയിലായത്.
ഇതില്‍ ജാഹിദിന്റെ കൊടുകഹള്ളി മെയിന്‍ റോഡിലെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണു നാലു ഗ്രനേഡുകള്‍ കണ്ടെടുത്തത്. ഇവ പിന്നീട് നിര്‍വീര്യമാക്കി.
2017ല്‍ കൊലക്കേസില്‍ അറസറ്റിലായി പരപ്പന അഗ്രഹാര ജയില്‍ എത്തിയപ്പോള്‍ അവിടെ വച്ചു പരിചയപ്പെട്ട തടയന്റവിട നസീറാണു തീവ്രവാദ സംഘടനയില്‍ ചേര്‍ത്തതെന്നാണു മൊഴി.
ഇയാളുടെ നിര്‍ദേശപ്രകാരമാണു ജയിലില്‍ നിന്നിറങ്ങിയതു മുതല്‍ പ്രവര്‍ത്തിച്ചത്.
അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടി. കേരളം സന്ദര്‍ശിച്ചിട്ടുണ്ടെന്നും അറസ്റ്റിലായവര്‍ മൊഴിനല്‍കിയിട്ടുണ്ട്. കൂടാതെ കേസിലെ തടയന്റവിട നസീറിന്റെ ബന്ധവുമാണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ കാരണം. അതിനിടെ യു.എ.പി.എ വകുപ്പുകള്‍ ചുമത്തിന് പിന്നാലെ എന്‍.ഐ.എ. കേസിലെ പ്രാഥമിക വിവര ശേഖരണം തുടങ്ങി.