കണ്ണൂർ: തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസിൽ ഒരു ജനറൽ കോച്ച് കുറച്ച് സ്ലീപ്പർ കോച്ച് കൂട്ടി. യാത്രാത്തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. നിലവിൽ 24 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനാണ് മാവേലി എക്സ്പ്രസ്. ഏഴ് എസി കോച്ച്, ഒൻപത് സ്ലീപ്പർ ക്ലാസ്, ആറ് ജനറൽ കോച്ച്, രണ്ട് എസ്എൽആർ കോച്ചുകളാണ് ട്രെയിനുള്ളത്.ഒരാഴ്ചത്തേക്കാണ് ജനറൽ കോച്ച് കുറച്ചുകൊണ്ട് ട്രെയിനിൽ സ്ലീപ്പർ കോച്ച് കൂട്ടിച്ചേർക്കുന്നത്. 16603 മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ ഇന്ന് മുതൽ 22 വരെയാണ് അധിക സ്ലീപ്പർ കോച്ച് ഉണ്ടാവുക. 16604 തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ 16 മുതൽ 23 വരെയും ഒരു കോച്ച് അധികമുണ്ടാകും.തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനാണ് മാവേലി എക്സ്പ്രസ്. തിരുവനന്തപുരവും മംഗളൂരുവും ഉൾപ്പെടെ 31 സ്റ്റോപ്പുളാണ് ട്രെയിനിനുള്ളത്. തലസ്ഥാനത്ത് നിന്ന് രാത്രി 07:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 08:05നാണ് മംഗളൂരുവിലെത്തുക. മടക്കയാത്ര വൈകീട്ട് 05:45ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിച്ച് പിറ്റേന്ന് രാവിലെ 07:05ന് തിരുവനന്തപുരത്തെത്തും.
നേരത്തെ മാവേലി എക്‌സ്‌പ്രസ് ഉൾപ്പെടെ തീവണ്ടികളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ച് എ സി കോച്ച് വർധിപ്പിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നിലവിൽ ഒരാഴ്ചത്തെ ക്രമീകരണം മാത്രമാണ് യാത്രാ തിരക്ക് പരിഗണിച്ച് ഏർപ്പെടുത്തിയിരിക്കുന്നത്.