കണ്ണൂർ : പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. പള്ളിയാമൂലയിലെ ബാനൂസ് ബീച്ച് എൻക്ലേവ് റിസോർട്ടിലാണ് സംഭവം. നായകളെ മുറിയിൽ പൂട്ടിയിടുകയും ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയും ചെയ്ത ശേഷമാണ് കെയർടേക്കർ ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ് പുറത്തുവന്ന ഇയാളെ അടുത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ജോലി രാജിവെച്ചുപോകണമെന്ന് റിസോർട്ട് ഉടമ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു പരാക്രമം. റിസോർട്ടിലെ വളർത്തുനായകളെ മുറിയിലടയ്ക്കുകയും ശേഷം അടുക്കളയിൽനിന്ന് സിലിണ്ടറുമായി മുറിയിൽ കയറി വാതിലടച്ച ഇയാൾ തീകൊളുത്തുകയുമായിരുന്നു. തീപിടിത്തത്തിൽ രണ്ട് വളർത്തുനായകൾ ചത്തു. പൊള്ളലേറ്റ നിലയിൽ പുറത്തുവന്ന ഇയാൾ റിസോർട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്ക് കയറുകയും തൂങ്ങിമരിക്കുകയുമായിരുന്നു.