കൊച്ചി : ശബരിമലയിലെ അതിഥി മന്ദിരങ്ങളിൽ അനുവദനീയമായ ദിവസത്തിലധികം ആരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡോണർ മുറിയിൽ ആരും അനധികൃതമായി തങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. പാലക്കാട് സ്വദേശിയായ സുനിൽകുമാർ എന്ന സുനിൽ സ്വാമി മണ്ഡലകാലത്തും മാസ പൂജയ്ക്കും നട തുറക്കുന്ന ദിവസങ്ങളിലും ശബരിമലയിൽ താമസിക്കുകയും ശ്രീകോവിലിന് തൊട്ടുമുന്നിൽ നിന്ന് എല്ലാ ദിവസവും തൊഴുകയും ചെയ്യുന്നുണ്ടെന്ന സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയ എടുത്ത കേസിലാണ് ഉത്തരവ്. ഗോശാല സംരക്ഷിക്കാനുള്ള ചെലവ് വഹിക്കുന്നു, ക്ഷേത്രത്തിലേയ്ക്ക് പൂജാ സാധനങ്ങൾ സംഭാവന ചെയ്യുന്നു എന്നിവയുടെ പേരിലാണ് ഈ ആനുകൂല്യങ്ങൾ എന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഇതിന്റെ പേരിൽ മറ്റാർക്കും ലഭിക്കാത്ത ആനുകൂല്യം നൽകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. താൻ സന്യാസ ജീവിതപാതയാണ് പിൻതുടരുന്നതെന്നും പ്രത്യേക ആനുകൂല്യമൊന്നും പറ്റുന്നില്ലെന്നും സുനിൽകുമാർ ബോധിപ്പിച്ചു. എന്നാൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.