Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

അമേരിക്കന്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഇസ്രയേലിലേക്ക്

WORLD TODAY – വാഷിങ്ടണ്‍: പലസ്തീന്‍ അനുകൂല സായുധസംഘമായ ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് കൂടുതല്‍ സൈനിക സഹായവാഗ്ദാനവുമായി അമേരിക്ക. യുദ്ധക്കപ്പലുകളും വ്യോമയാനങ്ങളും അയക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.
സൈനിക സഹായവും ആയുധ കൈമാറ്റവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഇസ്രയേല്‍ ലക്ഷ്യമാക്കി കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങാന്‍ നിര്‍ദേശം നല്‍കിയതായി ഓസ്റ്റിന്‍ അറിയിച്ചു. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ് യു.എസ്.എസ് ജെറാള്‍ഡ് ഫോര്‍ഡ്.
ഇതിന് പുറമെ ഒരു മിസൈല്‍ വാഹിനിയും നാല് മിസൈല്‍ നശീകരണികളും അയക്കും.
യു.എസ് യുദ്ധവിമാനങ്ങളായ എഫ്-35, എഫ്-15, എഫ്-16, എ-10 എന്നിവയും ഇസ്രയേലിന് കൈമാറും.

നിലവിലെ സാഹചര്യത്തില്‍ ലെബനോനിലെ ഹിസ്ബുല്ല പോലുള്ള സായുധപ്രസ്ഥാനങ്ങള്‍ ഇസ്രയേലിനെതിരെ തിരിയാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയതെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ ഒരു സൂചന കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയിരുന്നു.

അതേസമയം, നാല് അമേരിക്കന്‍ പൗരന്മാരും ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് വിവരമുണ്ട്.
ഇസ്രയേലില്‍ ഗാസയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഇവര്‍ കൊല്ലപ്പെട്ടത്.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
എന്നാല്‍, ഇത് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.