KERALA NEWS TODAY – തിരുവനന്തപുരം : സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ‘KL 90’ ല്‍ തുടങ്ങുന്ന രജിസ്ട്രേഷന് സീരീസ് വരുന്നു.
മന്ത്രിവാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയവാഹനങ്ങളെല്ലാം ഇതിലേക്ക് മാറും.
കെ.എസ്.ആര്.ടി.സി.ക്കുവേണ്ടി തിരുവനന്തപുരം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന (കെ.എല്‍ 15- ആര്.ടി.ഒ. എന്‍.എസ്) ദേശസാത്കൃതവിഭാഗം ഓഫീസിലേക്ക് സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, തദ്ദേശ, പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങളുടെ രജിസ്ട്രേഷന് മാറ്റും.
പുതിയവാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനും പഴയവ മാറ്റുന്നതിനും ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയാകും. വാഹനങ്ങള്‍ ഹാജരാക്കേണ്ടതില്ല.
കെ.എല്‍. 90-ല്‍ എ മുതല്‍ ഡി വരെയുള്ള വിഭാഗങ്ങളാണ് പുതിയതായി വരുക. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളെല്ലാം എ സീരിസിലാകും ഇറങ്ങുക. കെ.എല്‍.-90-ബി കേന്ദ്രസര്‍ക്കാരിനും സി തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കും.
മറ്റു പൊതുമേഖലാ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഡി-യിലാകും രജിസ്ട്രേഷന്.
സ്വകാര്യ, കരാര്‍ വാഹനങ്ങളില്‍ ‘കേരള സര്‍ക്കാര്‍ ബോര്‍ഡ്’ ഘടിപ്പിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന് ഏര്‍പ്പെടുത്തുന്നത്. ഇതോടെ ദുരുപയോഗം തടയാനാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ രജിസ്ട്രേഷന് നമ്പര്‍ നോക്കി മനസ്സിലാക്കാന്‍ കഴിയും.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവ് നല്‍കുന്നുണ്ട്. പഴയവാഹനങ്ങള്‍ ഇപ്പോഴത്തെ രജിസ്ട്രേഷന് രേഖകള്‍ സഹിതം വാഹന്‍ വെബ്സൈറ്റിലൂടെ ആര്.ടി.ഒ. എന്‍.എസിലേക്ക് അപേക്ഷിക്കണം. അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകളാകും ഇനി വാഹനങ്ങളില്‍ ഘടിപ്പിക്കുക. ഇവ ഇളക്കിമാറ്റാന്‍ കഴിയില്ല. ഇപ്പോള്‍ KL 1 മുതല്‍ 86 വരെയുള്ള രജിസ്ട്രേഷന് സീരീസുകളാണുള്ളത്.