NATIONAL NEWS – ഇംഫാൽ: മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ 5 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തൗബാല്‍ ജില്ലയിലെ നോങ്‌പോക്ക് സെക്മായി സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അടക്കമുള്ളവര്‍ക്ക് എതിരെയാണ് നടപടി.
രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സംഭവത്തില്‍ ആഴ്ചകള്‍ക്ക് ശേഷമാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂലൈ 19 നാണ് മെയ് 4ന് നടന്ന സംഭവത്തിന്റെ ദ്യശ്യങ്ങള്‍ പുറത്ത് വന്നത്.
മണിപ്പൂര്‍ ഡിജിപി സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡിജിപി രാജീവ് സിംഗ് ഇന്ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. മണിപ്പൂര്‍ വിഷയത്തിലെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഡിജിപിയും ചീഫ് സെക്രട്ടറിയും ഹാജരാകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്ന പരാമര്‍ശത്തോടെയായിരുന്നു ഹാജരാകാന്‍ നിര്‍ദേശിച്ചത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് രണ്ട് യുവതികളും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിമര്‍ശിച്ചിരുന്നു.
തുടര്‍ന്ന് കോടതി സ്വമേധയാ കേസെടുക്കുകയുമുണ്ടായി. പ്രചരിച്ച ദൃശ്യങ്ങള്‍ ഭരണഘടനാ സംവിധാനങ്ങളുടെ വീഴ്ച്ചയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.