Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

‘രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രം’; കെപിസിസി ജനസദസില്‍ പി കെ കുഞ്ഞാലിക്കുട്ടി

KERALA NEWS TODAY – ഏകീകൃത സിവില്‍ കോഡിനേയും മണിപ്പൂര്‍ കലാപത്തേയും ചെറുക്കാനുള്ള ഏക പരിഹാരം കോണ്‍ഗ്രസ് ശക്തിപ്പെടുകയാണെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
രാജ്യം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തിപ്പെട്ട് വരികയാണെന്നും ആ ഉണര്‍വ് എല്ലായിടത്തും പ്രകടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മറ്റ് പാര്‍ട്ടികളൊക്കെ ഉണ്ടെങ്കിലും രാജ്യത്ത് ഉണര്‍വ് വരണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ വരണമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍കോഡിനെയും മണിപ്പൂരിലെ വംശഹത്യയെയും ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കെ പി സി സി സംഘടിപ്പിക്കുന്ന ജനസദസില്‍ പങ്കെടുത്ത് കോഴിക്കോട് സംസാരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി.

ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വമാണ് വേണ്ടതെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുത്തതും നിലനിര്‍ത്തിയതും കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് മാറിയപ്പോഴാണ് രാഷ്ട്രീയം പല തട്ടിലായത്. രാജ്യം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശക്തിപ്പെട്ട് വരണം.
പതുക്കെ രാജ്യത്ത് വീണ്ടും കോണ്‍ഗ്രസും കൂടെ ഘടക കക്ഷികളും ഉയര്‍ന്നു വരും. രാഹുല്‍ ഗാന്ധിയ്ക്ക് പോലും രക്ഷയില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
കോടതി വിധി നമ്മുടെ ഭയം ഇല്ലാതാക്കിയെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജ്യത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിനെ കൊണ്ട് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കെപിസിസി ജനസദസ് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മുസ്ലീംലീഗ്, സമസ്ത നേതാക്കളും ജനസദസില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.