KERALA NEWS TODAY- ന്യൂയോർക്ക് : ലോകകേരള സഭാ മേഖലാ സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കം.
പ്രതിനിധികളുടെ റജിസ്ട്രേഷനും സൗഹൃദസംഗമവും നടന്നു. പൊതുസമ്മേളനം ഇന്നു വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലാണ് പൊതുസമ്മേളനം.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളാകുന്നത്. ഇവരുടെ റജിസ്ട്രേഷൻ ഇന്നലെ ഉച്ചയോടെയാണ് തുടങ്ങിയത്.
വൈകിട്ട് 6ന് നടന്ന സൗഹൃദസംഗമം നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി വി.പി.ജോയി, സ്പെഷൻ ഓഫിസർ വേണുരാജാമണി തുടങ്ങിയവർ സംഗമത്തെ അഭിസംബോധന ചെയ്തു. സൗഹൃദസംഗമത്തിന്റെ ഭാഗമായി കലാപരിപാടികളും അരങ്ങേറി.
11ന് അമേരിക്കൻ സമയം വൈകിട്ട് 6 മുതൽ 7.30 വരെ നടക്കുന്ന ‘പ്രവാസി സംഗമ’ത്തിൽ മുഖ്യമന്ത്രിക്കു പുറമേ,
സ്പീക്കർ എ.എൻ.ഷംസീർ, ഡയമണ്ട് സ്പോൺസറും ഫൊക്കാന പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫൻ, നോർക്ക റൂട്സ് ഡയറക്ടറും മേഖലാ സമ്മേളനത്തിന്റെ ചീഫ് കോർഡിനേറ്ററുമായ ഡോ.എം.അനിരുദ്ധൻ എന്നിവർ പ്രസംഗിക്കും.