ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരും ഒരു സ്ത്രീയുമുൾപ്പടെ അഞ്ച് പേർ അറസ്റ്റിലായി.
ഡൽഹിയിലെ സാദർ ബസാറിനു സമീപമാണ് സംഭവം.
സദർ ബസാറിൽ ചായക്കട നടത്തുന്ന സുരേഷ് കുമാർ എന്നയാളാണ് പ്രതികളിലൊരാൾ.
ഇയാളുടെ കടയിലെ സ്ഥിരം സന്ദർശകയാണ് അറസ്റ്റിലായ ബ്യൂട്ടി എന്ന സ്ത്രീ. 12, 14, 15 ഉം വയസ്സുള്ള മറ്റു മൂന്ന് പ്രതികൾ ഇയാളുടെ കടയിലെ ജോലിക്കാരാണ്. പുതുവർഷമാഘോഷിക്കാൻ ഒരു പെൺകുട്ടിയെ വേണമെന്ന് സുരേഷ് കുമാർ ബ്യൂട്ടിയോട് പറഞ്ഞു.
പെൺകുട്ടിയെ എത്തിച്ചാൽ പണം നൽകാമെന്നും ഇയാൾ സ്ത്രീയോട് പറഞ്ഞു. തുടർന്ന് ഒരു പെൺകുട്ടിയെ ബ്യൂട്ടി സദർ ബസാറിലെത്തിക്കുകയായിരുന്നു.
ആക്രിസാധനങ്ങൾ വിറ്റ് ജീവിക്കുന്ന പെൺകുട്ടിയോട് സുരേഷ് കുമാറിൻ്റെ കടയ്ക്കു സമീപം ആക്രി സാധനങ്ങളുണ്ടെന്ന് പറഞ്ഞാണ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് പെൺകുട്ടിയെ എത്തിച്ച ശേഷം സുരേഷ്കുമാറും പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് പെൺകുട്ടി സ്വന്തം വീട്ടിലേക്ക് പോയി.
രണ്ടു ദിവസത്തിനു ശേഷമാണ് ബന്ധുവിനോട് വിവരം പറയുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ സംഭവം പോലീസിനെ അറിയിച്ചു. പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടിയതായി പോലീസ് വ്യക്തമാക്കി.