Malayalam Latest News

ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം: തിരിച്ചറിഞ്ഞില്ല; മുഖം ഉൾപ്പെടെ അഴുകിയ നിലയിൽ

KERALA NEWS TODAY-ഇരിട്ടി(കണ്ണൂർ) : തലശ്ശേരി–കുടക് സംസ്ഥാനാന്തര പാതയിൽ കർണാടക പരിധിയിലുള്ള മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു.
വിരാജ്പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.
ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മുഖം ഉൾപ്പെടെ അഴുകിയ നിലയിലാണ്.

കേരളത്തിലും കർണാടകയിലും യുവതികളെ കാണാതായ കേസുകൾ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മിസിങ് കേസ് രണ്ടാഴ്ചമുൻപ് റജിസ്റ്റർ ചെയ്തിരുന്നു.
ഇവരുടെ ബന്ധുക്കളെ വിളിച്ചുവരുത്തി കണ്ണവം പൊലീസ് പരിശോധിച്ചെങ്കിലും അത് അല്ലെന്ന് സ്ഥിരീകരിച്ചു. കേരളത്തിലേക്ക് വന്നിട്ടുള്ള മുഴുവൻ വാഹനങ്ങളുടെയും സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പെടെ പരിശോധിക്കും.

ചുരത്തിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ വനംവകുപ്പ് നിയോഗിച്ച സംഘത്തിൽപെട്ടവരാണ് മൃതദേഹം സംബന്ധിച്ചു പൊലീസിൽ വിവരമറിയിച്ചത്. റോഡരികിലെ കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട ബാഗിൽനിന്നു ദുർഗന്ധം വമിച്ചതോടെയാണ് ഇവരുടെ ശ്രദ്ധയിൽപെട്ടത്. കേരളാതിർത്തിയായ കൂട്ടുപുഴയിൽനിന്ന് 17 കിലോമീറ്റർ മാറി ഓട്ടക്കൊല്ലിക്കു സമീപം മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിന്റെ പരിധിയിലാണ് ബാഗ് കണ്ടെത്തിയ സ്ഥലം. മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ട്. 25 – 35 വയസ്സുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.

Leave A Reply

Your email address will not be published.