അങ്ങനെ രണ്ടായിരത്തി ഇരുപത്തി നാലിന്റെ ഒരുമാസം കഴിഞ്ഞിരിക്കുകയാണ്.
ഫെബ്രുവരിയിൽ ജനങ്ങൾക്ക് സമ്മാനിക്കാൻ ഒരുപിടി മികച്ച സിനിമകളാണ്
അണിയറയിൽ ഒരുങ്ങുന്നത്. സൂപ്പർ താര ചിത്രങ്ങൾ മുതൽ യുവതാരനിയുടെ
സിനിമകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്.
ഇക്കൂട്ടത്തിൽ ഈ മാസം ഏറ്റവും കൂടുതൽ
സിനിമ റിലീസ് ചെയ്യുന്നത് മമ്മൂട്ടിയുടേതാണ്. രണ്ട് സിനിമകൾ. അതോടൊപ്പം രണ്ട്
ഭാഷാ ചിത്രങ്ങളും ആണ്. കൂടാതെ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളും.
മമ്മൂട്ടിയോടൊപ്പം ടൊവിനോ തോമസ്, ശ്രീനാഥ് ഭാസി, ബിജു മേനോൻ, സൗബിൻ
തുടങ്ങിയവരുടെ സിനിമകളും തിയറ്ററിലേക്ക് എത്തും. ഞെട്ടിക്കാനൊരുങ്ങുന്ന ‘
ഭ്രമയുഗം’
മമ്മൂട്ടിയുടേതായി സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന
സിനിമയാണ് ‘ഭ്രമയുഗം’. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ
ത്രില്ലർ ജോണറിലുള്ളതാണ്. മമ്മൂട്ടി നെഗറ്റീവ് ടച്ചിൽ എത്തുന്ന ചിത്രത്തിൽ
സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ് എന്നിവരും പ്രധാന
കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം ഫെബ്രുവരി 15ന് തിയറ്ററിൽ എത്തും.
‘വൈഎസ്ആര്‍’ ആയി വീണ്ടും മമ്മൂട്ടി
ഏറെ ശ്രദ്ധിക്കപ്പെട്ട തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗം ആണ് മമ്മൂട്ടിയുടേതായി
റിലീസിന് ഒരുങ്ങുന്ന മറ്റൊരു സിനിമ. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ്
രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ യാത്രയിൽ ടൈറ്റിൽ റോളിൽ ആയിരുന്നു മമ്മൂട്ടി
എത്തിയത്. രണ്ടാം ഭഗത്ത് ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നത്. ഈ
കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ജീവയാണ്. യാത്ര 2വിൽ ആദ്യ പകുതി ഭാ
ഗത്ത് മമ്മൂട്ടി ഉണ്ടാകും. ചിത്രം ഫെബ്രുവരി 8ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
അന്വേഷിപ്പിൻ കണ്ടെത്തും
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.
പൊലീസ് ഇൻവെസ്റ്റിഗേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം
ചെയ്തിരിക്കുന്നത് ഡാർവിൻ കുര്യാക്കോസ് ആണ്. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ
ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം
ഫെയിം) എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രം ഫെബ്രുവരി 9ന്
തിയറ്ററിലെത്തും.
ബിജു മേനോനും ഒപ്പമുണ്ട്
ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
ചിത്രമാണ് തുണ്ട്. ഫെബ്രുവരി 16 നു ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
നവാഗതനായ റിയാസ് ഷെരീഫ് ആണ് സംവിധാനം. തല്ലുമാല, അയൽവാശി എന്നീ
വിജയ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ പൊലീസ്
വേഷത്തിലാണ് ബിജുമേനോൻ എത്തുന്നത്.
പ്രതീക്ഷയോടെ എത്തുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’
ജാനേമൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘
മഞ്ഞുമ്മൽ ബോയ്സ്’. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി,
ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ
കുര്യൻ, വിഷ്ണു രഘു എന്നിവർ പ്രധാന കഥാപാത്രമാകുന്ന ചിത്രം ഫെബ്രുവരിയിൽ
റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന
സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും
തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഇതിവൃത്തം.