Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ബ്രൂവറി വിഷയത്തിൽ മന്ത്രി എം ബി രാജേഷിൻ്റെ മറുപടിയോട് പ്രതികരിച്ച് വിഡി സതീശൻ

തിരുവനന്തപുര : ബ്രൂവറി വിഷയത്തിൽ മന്ത്രി എം ബി രാജേഷിൻ്റെ മറുപടിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി കാതലായ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. വസ്തുതകൾ വളച്ചൊടിക്കാനുള്ള എക്സൈസ് മന്ത്രിയുടെ നീക്കം ആരെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മന്ത്രി പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത് എൽഡിഎഫ് ഘടകകക്ഷികൾക്ക് പോലും ബോധ്യപ്പെടാത്ത കാര്യങ്ങളാണെന്നും വി ഡി സതീശൻ പരിഹസിച്ചു. രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ചൂണ്ടിക്കാണിച്ച വി ഡി സതീശൻ എക്സൈസ് മന്ത്രിയും ഒയാസിസ് പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയത് എവിടെ വച്ചെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.

ഒരു വകുപ്പും അറിയാതെ എക്സൈസ് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞാണ് ഒയാസിസ് കമ്പനിയുടെ മദ്യനിർമ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള കൃത്യമായ തെളിവായാണ് കാബിനറ്റ് രേഖ പുറത്ത് വിട്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. മാധ്യമങ്ങളിലൂടെയോ അല്ലാതെയോ കേരളീയ പൊതു സമൂഹത്തിന് മുന്നിൽ കാബിനറ്റ് നോട്ട് ഇതുവരെ ഉണ്ടായിരുന്നില്ല. മറ്റൊരു വകുപ്പുമായും ചർച്ച ചെയ്യാതെ അതീവ രഹസ്യമായി മദ്യനിർമ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് എന്തിന് എന്ന ചോദ്യത്തിന് എക്സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

Leave A Reply

Your email address will not be published.