കേരളത്തില്‍ സര്‍വീസ് നടത്തുന്ന കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിൻ്റെ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രമന്ത്രി വി. മുരളീധരൻ്റെ ഇടപെടലിനെ തുടർന്നാണ് നടപടി.ആലപ്പുഴ ബിജെപി ജില്ലാ ഘടകം മുന്നോട്ട് വെച്ച നിർദേശം വി.മുരളീധരന്‍, കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ ശബരിമല തീർഥാടകർക്ക് സഹായകരമാകുമെന്ന നിർദേശവും മന്ത്രി മുന്നോട്ട് വച്ചിരുന്നു.ആവശ്യം അനുഭാവപൂർവം പരിഗണിച്ചതിന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നന്ദി അറിയിക്കുന്നതായി വി. മുരളീധരൻ പ്രതികരിച്ചു.