പത്തനംതിട്ട : മകരവിളക്കിൻ്റെ ഭാഗമായി തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. ജനുവരി 13, 14 തീയതികളിലെ സ്പോട്ട് ബുക്കിങിൻ്റെ എണ്ണമാണ് കുറച്ചത്. പതിമൂന്നാം തീയതി 5000 പേർക്കും പതിനാലാം തീയതി 1000 പേർക്കും മാത്രമെ സ്പോട്ട് ബുക്കിങ് അനുവദിക്കുകയുള്ളു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തർ സന്നിധാനത്ത് തുടരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. നാളെ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. ജനുവരി 12 മുതൽ വെർച്വൽ ക്യൂ വഴി ദർശനം നടത്താവുന്നവരുടെ എണ്ണം നേരത്തെ തന്നെ കുറച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സ്പോട്ട് ബുക്കിങും കുത്തനെ കുറയ്ക്കാനുള്ള തീരുമാനവുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോകുന്നത്.