Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ല ; പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാരുടെ പ്രതിഷേധം

കടുവയാക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയില്‍ ഇന്നും സംഘര്‍ഷാവസ്ഥ. രാധ കൊല്ലപ്പെട്ട പ്രിയദര്‍ശിനി എസ്റ്റേറ്റിലെ ബേസ് ക്യാംപിലാണ് നാട്ടുകാരുടെ പ്രതിഷേധം. കടുവ ദൗത്യം വൈകുന്നതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലവാണ്. കടുവയെ പിടികൂടിയാല്‍ തന്നെ കൂട്ടിലടച്ച് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും വെടിവെച്ചുകൊല്ലണമെന്നും പ്രതിഷേധക്കാര്‍ ശക്തമായ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഡിഎഫ്ഒ പ്രതിഷേധക്കാരോട് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നരഭോജി കടുവയുടെ ചിത്രം ക്യാമറാ ട്രാപ്പില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടുവയുടെ കാല്‍പാദം കണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. കടുവയെ തിരിച്ചറിഞ്ഞാല്‍ മാത്രമെ പിടികൂടുന്ന നടപടിയിലേക്ക് കടക്കുകയുള്ളൂ.

അതേസമയം ഉത്തരവിൽ വ്യക്തത വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഉത്തരവ് നിസാരമായി കാണരുതെന്ന് ഡിഎഫ്ഒ പറഞ്ഞു. കടുവയെ വെടിവെച്ചാൽ പ്രതിയാക്കി കേസെടുക്കുമെന്ന് ഒരു വിഭാഗം പറഞ്ഞതായി ഡിഎഫ്ഒ അറിയിച്ചു. കൂട് വെച്ചതും കാമറയും എല്ലാം ഉത്തരവ് അനുസരിച്ചാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. വനംവകുപ്പിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇനി എന്താണ് തുടർ നടപടിയെന്നും എത്ര നാൾ നിരോധനാജ്ഞ നീണ്ടു പോകുമെന്നും നാട്ടുകാർ ചോദിക്കുന്നുണ്ട്. നേരത്തെയും കടുവയെ കണ്ട സ്ഥലങ്ങളിൽ കടുവയുണ്ട് സൂക്ഷിക്കുകയെന്ന ബോർഡ് വെക്കുകയല്ലാതെ നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

Leave A Reply

Your email address will not be published.