തിരുവനന്തപുരം : കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ് മാറിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്രബജറ്റ് അങ്ങേയറ്റം നിരാശാജനകവും ദൗര്‍ഭാഗ്യകരവുമാണ്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തിരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങള്‍ നോക്കി അവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്രബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ബജറ്റില്‍ ഒന്നും തന്നെ വയനാടിനായി അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിംസ്, റെയില്‍വേ കോച്ച് നിര്‍മാണശാല തുടങ്ങിയ കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിന് ലഭിക്കാത്ത നിലയാണുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ ശിക്ഷിക്കുകയാണ്. ‘പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാല്‍, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല’ എന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ല. റബ്ബര്‍-നെല്ല്-നാളികേര കൃഷികള്‍ക്ക് പരിഗണനയില്ല. അവയ്ക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.