NATIONAL NEWS-ന്യൂഡൽഹി : പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രസർക്കാർ.
സെപ്റ്റംബർ 18 മുതൽ 22 വരെയാണു സമ്മേളനം.
അഞ്ചുതവണ പാർലമെന്റ് ചേരും. പുതിയ പാർലമെന്റ് കെട്ടിടത്തിലായിരിക്കുമോ സമ്മേളനമെന്ന കാര്യത്തിൽ വ്യക്തതയില്ല.
സമ്മേളനത്തിലെ അജൻഡകളെന്താണെന്നതിലും സൂചനകളില്ല.
കേന്ദ്രമന്ത്രി പ്രഹ്‍ലാദ് ജോഷിയാണു പാർലമെന്റ് സമ്മേളനത്തെക്കുറിച്ചുള്ള വിവരം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്ററിൽ) അറിയിച്ചത്. ഫലപ്രദമായ ചർച്ചകൾക്കായാണു സമ്മേളനമെന്നാണു മന്ത്രിയുടെ വിശദീകരണം. ഏതെങ്കിലും പ്രധാന ബില്ലുകൾ സമ്മേളനത്തിൽ പാസാക്കുമോ എന്ന കാര്യത്തിലും സൂചനയില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്.