ന്യൂഡൽഹി: രാജ്യത്ത് വീണ്ടും സ്കൈ ബസ് സർവീസ് സാധ്യതകൾ ചർച്ചയാകുന്നു. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ അഞ്ച് നഗരങ്ങളിലേക്ക് സ്കൈ ബസ് എത്തിയേക്കും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പൂനെയിൽ പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടയിലും ഷാർജ സന്ദർശിച്ചശേഷവും മന്ത്രി നിതിൻ ഗഡ്കരിയും ഇക്കാര്യം പറഞ്ഞിരുന്നു.പൂനെ, വാരണാസി, ഹൈദരാബാദ്, ഗുരുഗ്രാം, ഗോവ എന്നിവിടങ്ങളിൽ സ്‌കൈ ബസ് ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഈ വർഷം തന്നെ ഗോവയിൽ ട്രയൽ റൺ നടത്താനാകുമെന്നാണ് പ്രതിക്ഷിക്കുന്നത്. മഡ്ഗാവിലാണ് സ്കൈ ബസ് സർവീസ് നടത്തുക. നേരത്തെ ഗോവയിൽ സ്കൈ ബസ് പദ്ധതിയുണ്ടായിരുന്നെങ്കിലും ട്രയൽ റൺ മാത്രമേ നടത്തിയിരുന്നുള്ളൂ.മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന സർവീസായിരുന്നു ഗോവയിൽ ആസൂത്രണം ചെയ്തത്. എന്നാൽ ഒരു അപകടത്തിൽ എഞ്ചിനീയർ മരിച്ചതോടെ പദ്ധതി നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് 2016 ൽ ട്രാക്കുകളും പിയറുകളും നീക്കം ചെയ്തു. അന്ന് റെയിൽ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലായിരുന്ന ഈ പദ്ധതി പിന്നീട് റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലാക്കുകയായിരുന്നു.