Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

രണ്ട് KSRTC ബസുകളിൽ ഒരേസമയം ലൈംഗിക അതിക്രമം; പിടിയിലായ രണ്ടുപേരും ആഭ്യന്തരവകുപ്പിലെ ജീവനക്കാർ

KERALA NEWS TODAY – അടൂർ: രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിൽ ഒരേസമയം ലൈംഗിക അതിക്രമം നടന്നതായി പരാതി.
തിരുവനന്തപുരത്തേക്ക് പോകാൻ അടൂരിലെത്തിയ രണ്ട് കെ.എസ്.ആർ.ടി.സി. ബസുകളിലാണ് ഒരേസമയത്ത് ലൈംഗിക അതിക്രമം നടന്നത്.
ആഭ്യന്തരവകുപ്പിലെ ജീവനക്കാരാണ് ലൈംഗിക അതിക്രമത്തിന് പിടിയിലായ രണ്ടുപേരും.

ഒരാൾ ഐ.ജി. ഓഫീസ് ജീവനക്കാരനും മറ്റൊരാൾ പൊലീസുകാരനുമാണ്. തിങ്കളാഴ്ച രാവിലെ 11.30-നായിരുന്നു രണ്ട് അതിക്രമങ്ങളും നടന്നത്.
തിരുവനന്തപുരം ദക്ഷിണമേഖലാ ഐ.ജി.യുടെ (പി.ടി.സി ട്രെയിനിങ്) കാര്യാലയത്തിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഇടുക്കി കാഞ്ചിയാർ നേരിയംപാറ അറയ്ക്കൽ സതീഷ് (39), കോന്നി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പത്തനാപുരം പിറവന്തൂർ ചെമ്പനരുവി നെടുമുരുപ്പേൽ ഷമീർ (39) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. പൊലീസുകാരനായ ഷമീറിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു.

മുണ്ടക്കയത്തുനിന്ന് പത്തനംതിട്ട അടൂർ വഴി തിരുവനന്തപുരത്തിന് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് അടൂരിൽ എത്തിയപ്പോഴാണ് യാത്രക്കാരിയായ യുവതി സതീഷിനെതിരേ ബസ് ജീവനക്കാരോട് പരാതിപ്പെട്ടത്.
സീറ്റിൽ ഒപ്പമിരുന്നയാൾ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി. കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസെത്തി സതീഷിനെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു.

ഇതേസമയം തന്നെയാണ് മറ്റൊരു ബസിലും സമാനസംഭവം ഉണ്ടായത്. തിരുവനന്തപുരത്തിന് പോകുകയായിരുന്ന ബസ് അടൂരിൽ എത്തിയപ്പോൾ ഷമീറിന്റെ മുന്നിലെ സീറ്റിൽ ഇരുന്ന യുവതിയാണ് പരാതി പറഞ്ഞത്.
ഷമീർ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു ഇവരുടെ പരാതി. യുവതിയും ബന്ധുക്കളും ചേർന്ന് പൊലീസുകാരനെ തടഞ്ഞുവെച്ചു.
പൊലീസ് എത്തി ഷമീറിനെ കസ്റ്റഡിയിൽ എടുത്തു. ഇരുവരെയും റിമാൻഡ് ചെയ്തു.

Leave A Reply

Your email address will not be published.