കൊച്ചി : സ്കൂൾ കലോത്സവ മൂല്യനിർണ്ണയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. വിധികർത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെ ആണ് മൂല്യനിർണ്ണയത്തിന്റെ നിയമനം. കലോത്സവ മൂല്യ നിർണയത്തിൻ്റെ വേരുകൾ തേടിപ്പോയാൽ അക്കാര്യം വ്യക്തമാകുമെന്നും ഹൈക്കോടതി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ അനുമതി തേടിയുള്ള കുച്ചിപ്പുടി മത്സരാർഥിയുടെ ഹർജിയിലാണ് ഹൈക്കോടതി വിമർശനം. സ്കൂൾ കലോത്സവ പരാതികൾ പരിഗണിക്കാൻ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലിനെ നിയോഗിക്കണം. സ്കൂൾ കലോത്സവ ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിൽ സർക്കാർ മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി. കലോത്സവ പരാതികൾ പരിഹരിക്കാനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.