സംസ്ഥാനത്ത് റേഷന്‍ കട ഉടമകള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സര്‍ക്കാര്‍ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം റേഷന്‍ കട ഉടമകള്‍ കടകള്‍ അടച്ചിടുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ വേതന കുടിശ്ശിക ഉടന്‍ നല്‍കുക, കൊവിഡ് കാലത്ത് നല്‍കിയ കിറ്റ് കമ്മീഷന്‍ പൂര്‍ണ്ണമായും വിതരണം ചെയ്യുക, ഓണത്തിന് പ്രഖ്യാപിച്ച ഉത്സവകാല ബത്ത വിതരണം ചെയ്യുക എന്നിവയാണ് ആവശ്യം. റേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ സമരം നടത്താനും വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ നിന്നും വിട്ടുനിന്ന് കടകള്‍ തുറക്കും.