KERALA NEWS TODAY-തിരുവനന്തപുരം : പി എസ് സി നിയമന തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രാജലക്ഷ്മി പൊലീസിൽ കീഴടങ്ങി.
കഴക്കൂട്ടം സ്റ്റേഷനിലാണ് രാജലക്ഷ്മി കീഴടങ്ങിയത്.
രാജലക്ഷ്മിയുടെ സഹായിയായ ജോയ്സി പിടിയിലായിരുന്നു.
ഇതിനു പിന്നാലെയാണ് രാജലക്ഷ്മി കീഴടങ്ങിയത്.
പി എസ് സിയുടെ പേരിൽ വ്യാജ കത്ത് നിർമിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ ഒന്നാം പ്രതിയായ ആർ രാജലക്ഷ്മി തട്ടിപ്പു നടത്തിയത് പൊലീസ് ഓഫീസർ ചമഞ്ഞാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അടൂർ സ്വദേശിയായ രാജലക്ഷ്മി വാടകയ്ക്കെടുത്ത പൊലീസ് യൂണിഫോം ഉപയോഗിച്ചാണ് ആൾമാറാട്ടം നടത്തിയത്.
ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനായി പൊലീസ് വേഷം ധരിച്ച ചിത്രങ്ങൾ രാജലക്ഷ്മി സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയ രണ്ടാം പ്രതി രശ്മിയുടെ ഫോണിൽ നിന്നാണ് ഈ ചിത്രങ്ങൾ പൊലീസിന് ലഭിച്ചത്.
ജ്യോതിഷവും പൂജയുമായി ബന്ധപ്പെട്ടാണ് രാജലക്ഷ്മിയും രശ്മിയും പരിചയപ്പെടുന്നത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ ആണെന്നു സ്വയം പരിചയപ്പെടുത്തിയ രാജലക്ഷ്മി യൂണിഫോം ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ രശ്മിയെ കാണിക്കുകയും ചെയ്തു. പി എസ് സിയിലും പൊലീസ് ആസ്ഥാനത്തും ബന്ധമുണ്ടെന്നും രശ്മിയുടെ സാമ്പത്തിക പ്രയാസങ്ങൾ മാറാൻ സർക്കാർ ജോലി വാങ്ങി നൽകാമെന്നും രാജലക്ഷ്മി വാഗ്ദാനം ചെയ്തു.ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ 4 ലക്ഷം രൂപയാണ് രാജലക്ഷ്മി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് കൂടുതൽ പേർ ഉണ്ടെങ്കിൽ പകുതി തുക മതിയെന്നു പറഞ്ഞു. രാജലക്ഷ്മി ആവശ്യപ്പെട്ട പ്രകാരമാണ് രശ്മി വാട്സാപ് ഗ്രൂപ്പു വഴിയും നേരിട്ടും ഉദ്യോഗാർത്ഥികളെ കാൻവാസ് ചെയ്തത്. 84 പേർ അംഗങ്ങളായ വാട്സാപ് ഗ്രൂപ്പിൽ 15 പേർ പണം നൽകി. രശ്മി ഈ തുക രാജലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തട്ടിയെടുത്ത പണം രാജലക്ഷ്മിയുടെ പക്കലുണ്ടെന്നാണു പൊലീസ് കരുതുന്നത്. തട്ടിപ്പിനിരയായ പതിനഞ്ചോളം പേരിൽ 7 പേർ മാത്രമാണു പൊലീസിനു മൊഴി നൽകിയത്.