ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അസ്റ്റിലായ രണ്ടു പ്രതികളും റിമാൻഡിൽ. എം എസ് സൊല്യൂഷൻസിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയാണ് താമരശ്ശേരി കോടതി റിമാൻഡ് ചെയ്തത്. എം എസ് സൊല്യൂഷൻ ഉടമ എംഎസ് ഷുഹൈബ് തയ്യാറാക്കിയ ചോദ്യപേപ്പർ അവതരിപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. അതേ സമയം പ്രതികൾക്കായി ക്രൈം ബ്രാഞ്ച് നാളെ കസ്റ്റഡി അപേക്ഷ നൽകും. കേസിലെ ഒന്നാംപ്രതി എം എസ് സൊല്യൂഷൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപേക്ഷ തീർപ്പ് കൽപ്പിക്കും വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉടമ എംഎസ് ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എംഎസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായി പരാതി ഉണ്ടായിരുന്നു. ചോദ്യപേപ്പറിലേതിന് സാമ്യമുള്ള ചോദ്യങ്ങളാണ് യൂട്യൂബ് ചാനലില്‍ വന്നത്. ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ പണം ആവശ്യപ്പെട്ടതായും കെഎസ് യു ആരോപിച്ചിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ താല്‍കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.