ആലപ്പുഴ : ഭാര്യ വീട്ടിലെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വിഷ്ണുവിന്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഭാരമുള്ള വസ്തുകൊണ്ട് വിഷ്ണുവിന് തലയ്ക്ക് അടിയേറ്റിരുന്നു. ഇതേ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. മര്‍ദനത്തെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ചു എന്നായിരുന്നു ആദ്യത്തെ നിഗമനം.
സംഭവത്തില്‍ വിഷ്ണുവിന്റെ ഭാര്യ ആതിര ഉള്‍പ്പടെ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിഷ്ണുവും ഭാര്യ ആതിരയും കഴിഞ്ഞ ഒന്നര വര്‍ഷമായി പിണങ്ങി കഴിയുകയായിരുന്നു. ഇവര്‍ക്ക് നാല് വയസുള്ള മകനുണ്ട്. ദാമ്പത്യ തര്‍ക്കത്തില്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം മകന്‍ അവധി ദിവസങ്ങളില്‍ വിഷ്ണുവിനോടൊപ്പമാണ് കഴിഞ്ഞത്. മകനെ ഭാര്യയെ ഏല്‍പിക്കാന്‍ ആറാട്ടുപുഴയിലെ വീട്ടില്‍ എത്തിയതായിരുന്നു വിഷ്ണു. ഇവിടെ വെച്ച് ഭാര്യയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും ഇത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭാര്യയുടെ ബന്ധുക്കള്‍ വിഷ്ണുവിനെ മാരകമായി മര്‍ദിച്ചെന്നാണ് വിഷ്ണുവിന്റെ കുടുംബത്തിന്റെ ആരോപണം.