ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു. ഇന്നലെ എൺപതിനായിരത്തിലധികം തീർത്ഥാടകർ ദർശനം നടത്തി. ഇന്ന് രാവിലെ മുതൽ 25000 തീർഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഓരോ ദിവസം കഴിയും തോറും തിരക്ക് വർധിച്ചുവരികയാണ്. തിരക്ക് വർധിച്ചെങ്കിലും സുഖദർശനം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. ക്രമീകരണങ്ങളിൽ തൃപ്തരായാണ് തീർത്ഥാടകർ മലയിറങ്ങുന്നത്. ദിവസേന എത്തുന്ന തീർഥാടകരുടെ എണ്ണം തൊണ്ണൂറായിരത്തോളമായെങ്കിലും ദർശനത്തിൽ പ്രതിസന്ധിയില്ല.
അതേസമയം ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണമെന്ന് പൊലീസിന് കർശന നിർദേശം നൽകി. എന്ത് തരത്തിലുള്ള പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത്. ഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുത്. കൂടാതെ തിരക്ക് നിയന്ത്രിക്കാൻ വടിയെടുക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. സിസിടിവിയിലൂടെ പൊലീസുകാരുടെ സേവനം നിരീക്ഷിക്കും. ജോലി സമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗം വിലക്കുകയും ചെയ്തു.
ദർശനത്തിനായുള്ള ക്യൂവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമ്പോൾ തർക്കങ്ങൾ ഉയരാതെ നോക്കണം. തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം. കാക്കി പാന്റ്സ് ധരിച്ചെത്തുന്നവരെ പരിശോധന കൂടാതെ കടത്തിവിടരുത്. കാനന പാതയിലൂടെ എത്തുന്നവരിൽ ചിലർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ പടക്കങ്ങൾ കരുതാറുണ്ടെന്ന് ബോംബ് സ്ക്വാഡ് നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പടക്കങ്ങളുമായി സന്നിധാനത്ത് എത്താൻ അനുവദിക്കരുതെന്നും പൊലീസിനുള്ള നിർദേശങ്ങൾ പറയുന്നു.