സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയെ തൽ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് തീരുമാനം. ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തുടരും. കരുനാഗപ്പള്ളിയിലെ നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പിആർ വസന്തൻ, എസ്. രാധാമണി, പികെ ബാലചന്ദ്രൻ എന്നിവരെയാണ് ഒഴിവാക്കിയത്. അതേസമയം നേരത്തെ ചേർന്ന ജില്ലാ കമ്മിറ്റി പുതിയ കമ്മിറ്റിയുടെ പാനൽ തയ്യാറാക്കിയിട്ടുണ്ട്. ആറ് പുതുമുഖങ്ങൾ പുതിയ കമ്മിറ്റിയിൽ ഉണ്ടാകും. സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലത്ത് വിഭാഗീയത മൂലം ഒരു ഏരിയ കമ്മിറ്റി പിരിച്ചുവിടേണ്ടി വന്നതും ഒട്ടേറെ സമ്മേളനങ്ങൾ നിർത്തി വയ്ക്കേണ്ടിവന്നതും നേതൃത്വത്തിൻറെ വീഴ്ചയായിട്ടാണ് സമ്മേളനം വിലയിരുത്തിയത്.
ഇക്കാര്യത്തിൽ ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റിയതായി നേരത്തേതന്നെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ളവർ വിലയിരുത്തിയിരുന്നു. മുൻപ് ജില്ലാ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്കെതിരേ എംവി ഗോവിന്ദൻ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഒരാളൊഴികെ മറ്റുള്ളവരെല്ലാം ജില്ലാ സെക്രട്ടറിയെ മാറ്റണമെന്ന് വികാരം പ്രകടിപ്പിച്ചതായാണ് വിവരം.